സ്മാർട്ട്ഫോൺ നമ്മുടെ ദൈനംദിന ജീവിതത്തിൽ മാറ്റിനിർത്താൻ സാധിക്കാത്ത ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത ഒരു ദിവസത്തെ കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും സാധിക്കില്ല. കോളുകൾ, മെയിൽ അയക്കൽ, ഇന്റർനെറ്റ് ബ്രൗസിങ്, ഡിജിറ്റൽ പേയ്മെന്റ്സ്, മെസേജിങ്, വീഡിയോ സ്ട്രമിങ്, ഗെയിമിങ്, സോഷ്യൽമ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കൽ തുടങ്ങി പല കാര്യങ്ങൾക്കും നമ്മൾ ഫോൺ ഉപയോഗിക്കാറുണ്ട്. ഇത്തരം പല കാര്യങ്ങൾക്കായി ഫോണുകൾ ഉപയോഗിക്കുമ്പോൾ പല ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ് ഫോൺ അമിതമായി ചൂടാകുന്നു എന്നത്.
സ്മാർട്ട്ഫോണുകളിൽ കനത്ത ഗ്രാഫിക്സിന്റെയും ആപ്പുകളുടെയും ഉപയോഗം ഡിവൈസ് അമിതമായി ചൂടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. ഫോൺ അമിതമായി ചൂടായാൽ ബാറ്ററിയും പൊട്ടിത്തെറിക്കാനുള്ള സാധ്യതകൾ പോലും ഉണ്ട്. ചില അവസരങ്ങളിൽ സ്മാർട്ട്ഫോണുകളുടെ കമ്മ്യൂണിക്കേഷൻ യൂണിറ്റും ക്യാമറയും അടക്കം ചൂടാകുന്നു.
എന്നാൽ ഇത് വളരെ അപൂർവം അവസരങ്ങളിലാണ് ഉണ്ടാകാറുള്ളത്. മിക്കപ്പോഴും ബാറ്ററിയാണ് ചൂടാകാറുള്ളത്. ഇത്തരത്തിൽ ചൂടാകുന്നത് ഫോണിന്റെയും ബാറ്ററിയുടെയും പെർഫോമൻസിനെ കാര്യമായി ബാധിക്കും. ഇത്തരത്തിൽ ഫോൺ ചൂടാകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.
സ്മാർട്ട്ഫോൺ പൂർണ്ണമായി ചാർജ് ചെയ്യരുത്
നിങ്ങളുടെ ഫോൺ എപ്പോഴും പൂർണ്ണമായും ചാർജ് ചെയ്യരുത്. 100% ചാർജ് ചെയ്യുന്നത് നല്ലതല്ല. ഫോണിൽ 90 ശതമാനമോ അതിൽ കുറവോ ബാറ്ററി സൂക്ഷിക്കാൻ ശ്രമിക്കുക. കൂടാതെ ഫോൺ ബാറ്ററി 20 ശതമാനത്തിൽ താഴെ പോകാനും അനുവദിക്കരുത്. നിരവധി തവണ ചാർജ് ചെയ്യുന്നത് അമിത ചൂടാക്കലിന് കാരണമാകുന്നു. കുറഞ്ഞ ചാർജിൽ ഉപയോഗിക്കുന്നതും ബാറ്ററിയെ ബാധിക്കുന്നു. ആരോഗ്യത്തെ ബാധിക്കുന്നു. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഫോൺ ഒരു ദിവസം 2-3 തവണ വരെ ചാർജ് ചെയ്യാം.
ഫോൺ കവർ ഉപയോഗിക്കുന്നത് കുറയ്ക്കാം
സ്മാർട്ട്‌ഫോൺ അമിതമായി ചൂടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് മൊബൈൽ കവറുകൾ. ശക്തമായ സൂര്യപ്രകാശവും ചൂടുള്ള അന്തരീക്ഷവും മൊബൈലിനെ ബാധിക്കുന്നു. കാറിൽ ഫോൺ വച്ച് ലോക്ക് ചെയ്ത് പോയാൽ വേഗത്തിൽ ഡിവൈസ് ചൂട് പിടിച്ചെടുക്കുന്നതുപോലെ മൊബൈൽ കവറുകളും ചൂടിനെ അകത്ത് നിർത്തുകയും ഫോൺ തണുക്കാതിരിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. സ്വാഭാവികമായി ഫോൺ തണുപ്പിക്കാനുള്ള ഫോണിലെ സംവിധാനങ്ങളെ കവറുകൾ തടയുന്നു. ഇടയ്ക്കിടെ ഫോൺ കവർ മാറ്റേണ്ടത് ആവശ്യമാണ്. ഉപയോഗിക്കാതിരിക്കുമ്പോൾ ഫാനിന് കിഴിലും മറ്റും ഫോൺ വയ്ക്കുന്നതും നല്ലതാണ്.
ബാഗ്രൌണ്ട് ആപ്പുകൾ ക്ലോസ് ചെയ്യുക
നിങ്ങൾ ഉപയോഗിക്കാത്ത ആപ്പുകൾ പോലും ബാഗ്രൌണ്ടിൽ ഓപ്പൺ ആയി പ്രവർത്തിക്കുന്നുണ്ടാകും. ഇത്തരം ആപ്പുകൾ ക്ലോസ് ചെയ്യുന്നതാണ് നല്ലത്. നിങ്ങൾ ഉപയോഗിക്കാത്ത ഇത്തരം ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് തുടർന്നാൽ ബാറ്ററി, ഡാറ്റ എന്നിവ കൂടുതലായി പോകും എന്നതിനൊപ്പം തന്നെ ഫോൺ ചൂടാകാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. നിങ്ങൾ ഉപയോഗിക്കാത്ത ആപ്പുകൾ ക്ലോസ് ചെയ്യാനായി ആപ്പ് ഐക്കണിൽ ഫോഴ്സ് സ്റ്റോപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഫോൺ സെറ്റിങ്സ് മാറ്റുക
നിങ്ങളുടെ സ്ക്രീനിന്റെ ബ്രൈറ്റ്നസ് കഴിയുന്നത്ര കുറയ്ക്കുക എന്നത് പ്രധജാനമാണ്. ഇത്തരം അവസരങ്ങളിൽ ഡിസ്പ്ലെ കാണാൻ ബുദ്ധിമുട്ടാണ് എങ്കിലും ബ്രൈറ്റ്നസ് കുറച്ചാൽ കുറഞ്ഞ ബാറ്ററി മാത്രമേ ഫോൺ ഉപയോഗിക്കുന്നുള്ളു. ഇത് ഡിവൈസ് ചൂടാകുന്നത് കുറയ്ക്കുന്നു. നിങ്ങളുടെ ഫോണിന് അഡാപ്റ്റീവ് ബ്രൈറ്റ്നസ് ഉണ്ടെങ്കിൽ നിങ്ങൾ പുറത്താണെങ്കിൽ പോലും അത് ഓട്ടോമാറ്റിക്കായി മാക്സിമം ബ്രൈറ്റ്നസിലേക്ക് മാറുന്നു.