ആധാർ കാർഡ് നമുക്കിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പേഴ്സിൽ കൊണ്ടുനടക്കാറുള്ള ആധാർകാർഡ് പെട്ടെന്ന് തന്നെ കീറിപോവുകയോ നശിച്ച് പോവുകയോ ചെയ്യുന്നത് സാധാരണ സംഭവമാണ്. ഇതിനൊരു പരിഹാരമാണ് പിവിസി കാർഡ്. എടിഎം കാർഡിന് സമാനമായ രീതിയിൽ നിങ്ങളുടെ ആധാർ കാർഡ് മറ്റുന്നതാണ് ആധാർ പിവിസി കാർഡ് എന്ന് പറയുന്നത്. ഇത് കൊണ്ടുനടക്കാൻ എളുപ്പവും അത്ര വേഗത്തിൽ നശിച്ച് പോവാത്തതുമാണ്. പിവിസി കാർഡിന് ഓൺലൈനായി നമുക്ക് തന്നെ അപേക്ഷിക്കാൻ സാധിക്കും.
ആധാറിലെ 12 അക്ക യുണീക്ക് ഐഡന്റിറ്റി നമ്പറാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതിൽ ഒരു ക്യുആർ കോഡും ഉണ്ടായിരിക്കും. പേപ്പർ കാർഡിൽ നിന്നും പിവിസി കാർഡിലേക്ക് മാറിയാലും ഇവ അതുപോലെ ഉണ്ടായിരിക്കും. മികച്ച ക്വാളിറ്റിയുള്ള കാർഡാണ് പിവിസി കാർഡ്. ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേൺ, ഗോസ്റ്റ് ഇമേജ്, മൈക്രോടെക്സ്റ്റ് എന്നിവയാണ് പിവിസി കാർഡിലുള്ള സുരക്ഷാ സവിശേഷതകൾ. ഓഫലൈനായി എല്ലാ വിവരങ്ങളും പരിശോധിക്കാൻ ഈ കാർഡ് മതിയാകും.
ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആർക്ക് വേണമെങ്കിലും ആധാർ പിവിസി കാർഡിന് എളുപ്പത്തിൽ അപേക്ഷിക്കാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇല്ലെങ്കിൽ അവൾക്ക് നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് ആധാർ പിവിസി കാർഡ് ഓർഡർ ചെയ്യാൻ കഴിയും. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഈ കാർഡിന് 50 രൂപ നൽകേണ്ടി വരും. സ്പീഡ് പോസ്റ്റായിട്ടാണ് ഈ കാർഡ് നമ്മുടെ കൈകളിൽ എത്തുന്നത്. ഇതിനായി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
പിവിസി ആധാർ കാർഡിന് എങ്ങനെ ഓർഡർ ചെയ്യാം
• ആദ്യം, ഏതെങ്കിലും ബ്രൌസർ തുറന്ന് യുഐഡിഐഐയുടെ വെബ്സൈറ്റ് https://uidai.gov.in/ സന്ദർശിക്കുക.
• മൈ ആധാർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, ഇതിലുള്ള ഗെറ്റ് ആധാർ വിഭാഗത്തിന് കീഴിൽ, ഓർഡർ ആധാർ പിവിസി കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
• പുതിയ പേജിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ / 16 അക്ക വെർച്വൽ ഐഡി / 28 അക്ക ഇഐഡിയും സെക്യൂരിറ്റി കോഡും നൽകുക.
• നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, 'മൈ മൊബൈൽ നമ്പർ ഈസ് നോട്ട് രജിസ്റ്റേർഡ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
• രജിസ്റ്റർ ചെയ്ത / നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ നൽകുക.
• അടുത്തതായി സെൻഡ് ഒടിപി ക്ലിക്കുചെയ്യുക; രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് കോഡ് ലഭിക്കും.
• നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക ഒടിപി നൽകുക.
• നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ച് സബ്മിറ്റ് ക്ലിക്കുചെയ്യുക.
• തുറന്ന് വരുന്ന സ്ക്രീനിലുള്ള നിങ്ങളുടെ എല്ലാ ആധാർ വിവരങ്ങളും പരിശോധിക്കുക.
• മേക്ക് പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമായ തുക നൽകുക.
നിങ്ങളുടെ പേയ്‌മെന്റ് പൂർത്തിയായാൽ സ്പീഡ് പോസ്റ്റ് വഴി നിങ്ങൾക്ക് പുതിയ ആധാർ കാർഡ് ലഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് "കോവിഡ് -19 പാൻഡെമിക് കാരണം തപാൽ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്പീഡ് പോസ്റ്റ് വഴി ആധാർ പിവിസി കാർഡുകൾ വിതരണം ചെയ്യുന്നത് വൈകിയേക്കും.നിങ്ങൾ ആധാർ പിവിസി കാർഡിന് ഓർഡർ നൽകിയാൽ, ആധാർ പിവിസി കാർഡ് അപേക്ഷയുടെ അവസ്ഥ എന്താണെന്ന് അറിയാൻ സാധിക്കും. പോസ്റ്റിൽ അയച്ചതാണ് എങ്കിൽ അത് കാണിക്കും.